വായന മാസാചരണം

  



                1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു.ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.

പി.എൻ. പണിക്കരും ഗ്രന്ഥശാലാ പ്രസ്ഥാനവും

പി.എൻ. പണിക്കർ

                കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് പി.എൻ. പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിക്കുന്നത്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947-ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ ഇതിന്റെ പേര് തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958-ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു.

നിരക്ഷരതാനിർമാർജ്ജനം 

            നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം. 

വായന ദിന പ്രസംഗം

 മാന്യ സദസ്സിന് വന്ദനം...... 

 ബഹുമാനപെട്ട അധ്യാപകരെ, പ്രിയ കൂട്ടുകാരെ,

ഇന്ന് ജൂൺ 19 വായനദിനം

"വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക" എന്ന മുദ്രാവാക്യത്തിലൂടെ  മലയാളികളെ വായനയുടെ അൽഭുത ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഒരു വലിയ മനുഷ്യൻ്റെ, പി എൻ പണിക്കരുടെ ഓർമ്മ ദിനമാണ് ഇന്ന്....

കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 കേരള ഗവൺമെൻ്റ് വായനാദിനമായി ആചരിക്കുന്നു.

1996  മുതലാണ് വായനാ ദിനം ആചരിക്കാൻ തുടങ്ങിയത്

വായനയെ കുറിച്ച് ഓർക്കുമ്പോൾ....  വായനയുടെ പ്രസക്തി എന്താണ് എന്ന് ചിന്തിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു കുഞ്ഞു കവിതയുണ്ട് കുഞ്ഞുണ്ണി മാഷിൻ്റെ കവിത....

" വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും" 
എന്ന കവിതയിലൂടെ വായനയുടെ മൂല്യം മനസ്സിലാക്കുവാൻ നമുക്ക് കഴിയും.

ഓരോ പുസ്തകവും അറിവിന്റെ അത്ഭുത ലോകമാണ്...  ആ ലോകത്തേക്ക് എത്തിച്ചേരുവാനുള്ള വഴിയാണ് വായന.

നമ്മുടെ വായന നമ്മുടെ അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്നു. നമ്മുടെ അറിവുകളെയും ചിന്തകളെയും ധാർമിക മൂല്യങ്ങളെയും വളർത്തുവാൻ വായനക്ക് കഴിയും.

അറിവ് നേടുക എന്നത് എളുപ്പമായ ഒരു കാര്യമല്ല. വായനയിലൂടെ മാത്രമേ നമുക്ക് അറിവ് നേടാൻ കഴിയൂ. അതുകൊണ്ട് വായനയുടെ പ്രാധാന്യം നാം കുഞ്ഞുനാളിൽ അറിഞ്ഞിരിക്കേണ്ട ഒന്നാണ്.

വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ വായനാദിനവും.

ഇന്ന് പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവിനേക്കാൾ കൂടുതൽ ഇൻ്റർനെറ്റ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. 
എന്നാൽ പുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവും പുസ്തക വായനയിലൂടെ ലഭിക്കുന്ന  അനുഭൂതിയും ഈ നവമാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുകയില്ല എന്ന കാര്യം വിസ്മരിക്കരുത്.
പുസ്തകങ്ങളെ നെഞ്ചോട് ചേർത്ത് വെക്കാനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്തു വായിക്കുന്നത്  ശീലമാക്കാനും  ഇന്ന് തന്നെ നമുക്ക് പ്രതിജ്ഞ ചെയ്യാം. അതിന് ഏറ്റവും നല്ല ദിനം ഇന്നും തന്നെയാണ്. 

എല്ലാവർക്കും എൻ്റെ വായനാദിന ആശംസകൾ അറിയിച്ചു കൊണ്ട് നിർത്തുന്നു.

നന്ദി.... നമസ്കാരം..... 


വായനദിനവുമായി ബന്ധപ്പെട്ട്  ഒരു മാസം നീണ്ടുനിൽക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂൾ ഏറ്റെടുത്തിട്ടുള്ളത്. എല്ലാ പ്രവർത്തനങ്ങളിലും എല്ലാ കുട്ടികളും പങ്കെടുക്കുക....

വായനദിനവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശീനങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക....

വായനദിന പതിപ്പ് 

എല്ലാവർക്കും ഹൃദ്യമായ വായനദിന ആശംസകൾ..... 

 

Comments

Popular posts from this blog

ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ