ലോക സമുദ്ര ദിനം
എല്ലാവർഷവും ജൂൺ എട്ടിനാണ് ലോക സമുദ്ര ദിനം ആചരിച്ചു വരുന്നത് ലോകമെമ്പാടുമുള്ള സമുദ്രങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക സമുദ്ര ദിനം ആചരിക്കുന്നത്. 1992 ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിൽ പരിസ്ഥിതിയും വികസനവും എന്ന ചർച്ചയിൽ കാനഡയിലെ ഇൻറർനാഷണൽ സെൻറർ ഫോർ ഓഷ്യൻ ഡെവലപ്മെൻറും ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാനഡയും ചേർന്നാണ് ലോക സമുദ്ര ദിനം ആചരിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്.
സമുദ്രത്തെയും അതിലെ വൈവിധ്യമാർന്ന സമുദ്ര ജീവികളെയും അവയുടെ ആവാസ വ്യവസ്ഥയെയും നിലനിർത്തുകയും സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അവയെ സുസ്ഥിരമായി ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സാമൂഹിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് 2008 ഡിസംബർ 5ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ ജൂൺ 8 ലോക സമുദ്ര ദിനം ഔദ്യോഗികമായി അംഗീകരിച്ചത്. നമ്മുടെ സമുദ്രങ്ങൾ നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി 2009 ജൂൺ 8 ന് ആദ്യ സമുദ്ര ദിനം ആചരിക്കപ്പെട്ടു. മനുഷ്യൻറെ കടന്നുകയറ്റങ്ങളിലൂടെ സമുദ്രത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും സമുദ്ര സംരക്ഷണത്തിനുള്ള കർമ്മപരിപാടികളും ആദ്യ സമുദ്ര ദിനത്തിൽ തന്നെ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. അതിലൂടെ ലോകത്തെ ഒന്നിപ്പിക്കാനുള്ള ദിനമായി ലോക സമുദ്ര ദിനം മാറി.
ലോക ജനതയുടെ ദൈനംദിന ജീവിതത്തിൽ സമുദ്രങ്ങൾ പ്രധാന പങ്ക് വഹിച്ചു വരുന്നു. ലക്ഷോപലക്ഷം ജനങ്ങളുടെ ഉപജീവനമാർഗ്ഗം നിലനിർത്തുന്നതിന് സമുദ്രങ്ങളുടെ പങ്ക് വളരെ വലുതാണ്. ഇതിലൂടെ വിവിധ സമ്പത്തും തൊഴിലും പോഷകാഹാരവും സമുദ്രങ്ങൾ സംഭാവന ചെയ്യുന്നു.
സമുദ്രതീരങ്ങൾ ടൂറിസം മേഖലകളാണ്. നാം ശ്വസിക്കുന്ന ഓക്സിജന്റെ 50 ശതമാനവും പ്രകാശസംശ്ലേഷണം മൂലം സമുദ്രങ്ങളാണ് ഉൽപാദിപ്പിക്കുന്നത്. സമുദ്രങ്ങൾ കാർബൺ ഡൈ ഓക്സൈഡ് 30 ശതമാനത്തിലേറെ ആഗിരണം ചെയ്യുന്നു. നമുക്ക് വേണ്ട പല ഔഷധങ്ങളുടെയും കലവറ കൂടിയാണ് സമുദ്രങ്ങൾ. ഇത്തരത്തിലുള്ള പല വിലപ്പെട്ട സംഭാവനകളാണ് സമുദ്രം നമുക്ക് നൽകിക്കൊണ്ടിരിക്കുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും നിരവധി പ്രശ്നങ്ങളുടെ നടുവിലാണ് സമുദ്രങ്ങൾ നിലകൊള്ളുന്നത്. സമുദ്രങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലും വെല്ലുവിളികളിലും പ്രധാനം മനുഷ്യൻറെ പ്രവർത്തികളും വ്യവസായവൽക്കരണവും ആണ്. മലിനീകരണവും പാരിസ്ഥിതിക മാറ്റവും കാരണം സമുദ്രങ്ങൾ ഏറെ പ്രതിസന്ധിയിലാണ്. സമുദ്ര വിഭവങ്ങളുടെ അമിത ചൂഷണവും അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളും തുറമുഖ നിർമ്മാണങ്ങളും സമുദ്ര ഖനനവും സൗഹൃദപരമല്ലാത്ത ടൂറിസവും മത്സ്യത്തൊഴിലാളികൾക്കും കടലിലെ ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയായി കൊണ്ടിരിക്കുകയാണ്. സമുദ്ര മലിനീകരണം പരിസ്ഥിതിയെയും ജീവജാലങ്ങളുടെ ആരോഗ്യത്തിനെയും ലോകം മുഴുവനും ഉള്ള സാമ്പത്തിക ഘടനകളെയും ദോഷകരമായി ബാധിക്കുന്നു. ഈ മലിനീകരണം ജീവിവർഗ്ഗങ്ങളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുന്നു. സമുദ്രത്തിൽ നാം തള്ളുന്ന മാലിന്യങ്ങൾ നമ്മുടെ പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും ആരോഗ്യത്തിനും ഉണ്ടാക്കുന്ന ശക്തമായ ആഘാതങ്ങളെ കുറിച്ച് നാം ബോധവാന്മാരായി തീരുകയാണ് വേണ്ടത്. മനുഷ്യൻറെ കടന്നുകയറ്റങ്ങളിലൂടെ സമുദ്രത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായ സമുദ്രങ്ങളെ സംരക്ഷിക്കാൻ നാം ഒന്നായി തന്നെ കൈകോർക്കണം. സുസ്ഥിരമായ മത്സ്യബന്ധനം പരമ്പരാഗത തൊഴിലാളികളുടെ അവകാശമാക്കുകയും വികസനത്തിന്റെ പേരിലുള്ള അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളെ ചെറുക്കുകയും ചെയ്യണം.
2021 മുതൽ 2030 വരെയുള്ള വർഷം സുസ്ഥിര വികസനത്തിന് വേണ്ടിയുള്ള സമുദ്ര ദശാപ്തി ആയി പ്രഖ്യാപിച്ചിട്ടുണ്ട്. "Wonder: sustaining what sustains us" "അത്ഭുതം: നമ്മെ നിലനിർത്തുന്നതിനെ നിലനിർത്തൽ" എന്നതാണ് ലോക സമുദ്ര ദിനം 2025ലെ പ്രമേയം. നമ്മുടെ സമുദ്രത്തെ സംരക്ഷിച്ചും പുനഃസ്ഥാപിച്ചും ആരോഗ്യകരമായ സമുദ്രത്തിനുവേണ്ടി നിലകൊള്ളുന്നതിനായി ശക്തമായ ഒരു ആഗോള വേദിയാണ് വേണ്ടത്. അതിലൂടെ സമുദ്രം അഭിമുഖീകരിക്കുന്ന മനുഷ്യൻ ഉണ്ടാക്കുന്ന എല്ലാ പരിസ്ഥിതി പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയണം. നല്ലൊരു നാളെക്കായി നമുക്കൊന്നിച്ച് കൈകോർക്കാം...
സമുദ്ര ദിന ആശംസകൾ.......
പഞ്ചമഹാ സമുദ്രങ്ങൾ
സമുദ്രദിന ക്വിസ് 2025
ലോക സമുദ്ര ദിനം (World Oceans Day) ?
ജൂൺ 8
2025- ലെ ലോക സമുദ്ര ദിനത്തിന്റെ പ്രമേയം എന്താണ്?
"അത്ഭുതം: നമ്മെ നിലനിർത്തുന്നതിനെ നിലനിർത്തൽ"
സമുദ്രത്തെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത്?
ഓഷ്യാനോഗ്രാഫി
ലോക സമുദ്ര ദിനമായി ജൂൺ -8 ഐക്യരാഷ്ട്ര സംഘടന ഔദ്യോഗികമായി അംഗീകരിച്ച വർഷം?
2008
ലോക സമുദ്ര ദിനം ആദ്യം ആഘോഷിച്ച വർഷം?
1992 ജൂൺ 8 (കാനഡ
സമുദ്ര ദിനം എന്ന ആശയം മുന്നോട്ടു വെച്ച ആദ്യ രാജ്യം?
കാനഡ
ലോകത്ത് എത്ര സമുദ്രങ്ങൾ ഉണ്ട് ?
5 (പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക് സമുദ്രം, ആർട്ടിക് സമുദ്രം)
ലോകത്തിലെ ഏറ്റവും വലിയ സമുദ്രം?
പസഫിക് സമുദ്രം
ലോകത്തിലെ ഏറ്റവും ചെറിയ സമുദ്രം?
ആർട്ടിക് സമുദ്രം
ലോകത്തിൽ ഏറ്റവും കൂടുതൽ സമുദ്ര തീരമുള്ള രാജ്യം?
കാനഡ
ഏഷ്യയിൽ ഏറ്റവും കൂടുതൽ സമുദ്രതീര മുള്ള രാജ്യം?
ഇന്തോനേഷ്യ
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത്
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള ജില്ല?
കണ്ണൂർ
മൂന്ന് മഹാസമുദ്രങ്ങളുമായി തീരമുള്ള രണ്ടു രാജ്യങ്ങൾ ?
കാനഡയും അമേരിക്കയും
( പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം ആർട്ടിക് സമുദ്രം എന്നിവയാണ് ഈ രാജ്യങ്ങൾക്ക് തീരം ഉള്ളത്
ബർമുഡ ട്രയാങ്കിൾ സ്ഥിതിചെയ്യുന്നത് ഏതു സമുദ്രത്തിലാണ്?
അറ്റ്ലാന്റിക് സമുദ്രം
മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്നത്?
സൂയസ് കനാൽ
ഭൂമിയിലെ പ്രകൃതിദത്തമായ ഏറ്റവും ആഴമേറിയ ഗർത്തം?
മരിയാന ട്രഞ്ച്
2012 -ൽ മരിയാന ട്രഞ്ചിന്റെ അടുത്തെത്തിയ ഹോളിവുഡ് സംവിധായകൻ ആരാണ് ?
ജെയിംസ് കാമറൂൺ
സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ്?
നോട്ടിക്കൽ മൈൽ
സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ്?
ഫാത്തം
ഇംഗ്ലീഷ് അക്ഷരമാലയിലെ ‘S’ ആകൃതിയിലുള്ള സമുദ്രം ഏതാണ്?
അറ്റ്ലാന്റിക് സമുദ്രം
ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
പസഫിക് സമുദ്രം
ഇംഗ്ലീഷ് അക്ഷരമാലയിലെ ‘D’ ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
ആർട്ടിക് സമുദ്രം
ലവണത്വം ഏറ്റവും കൂടുതലുള്ള കടൽ?
ചെങ്കടൽ
ലവണത്വം ഏറ്റവും കുറവുള്ള കടൽ?
ബാൾട്ടിക് കടൽ
ഏത് സമുദ്രത്തിലേക്കാണ് ആമസോൺ നദി ഒഴുകുന്നുത് ?
അറ്റ്ലാന്റിക് സമുദ്രം
ചാവുകടൽ ഏതൊക്കെ രാജ്യങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്?
ജോർദാൻ, ഇസ്രായേൽ
ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശം ?
പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ച് ലുള്ള ചലഞ്ചർ ഡീപ്പ്
ഏറ്റവും കൂടുതൽ ഉപ്പുവെള്ളമുള്ള കടൽ ഏതാണ്?
ചെങ്കടൽ
സമുദ്രത്തിന്റെ ആഴം അളക്കുന്നതിനുള്ള ഉപകരണം?
ഫാത്തോമീറ്റർ
സമുദ്രത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം?
സോഡിയം ക്ലോറൈഡ്
ലോകത്തിലെ ഏറ്റവും വലിയ തടാകം?
കാസ്പിയൻ തടാകം
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
സുപ്പീരിയർ തടാകം
ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകം?
ബെയ്ക്കൽ തടാകം (റഷ്യയിലെ തെക്കൻ സൈബീരിയയിൽ സ്ഥിതിചെയ്യുന്നു )
1875 -ൽ ചലഞ്ചർ ഡീപ്പ് കണ്ടെത്തിയത്?
ബ്രിട്ടീഷ് സർവേ കപ്പലായ എച്ച് എം.എസ് ചലഞ്ചർ
സമുദ്ര ജലത്തിന്റെ ശരാശരി ഊഷ്മാവ്?
17 ഡിഗ്രി സെൽഷ്യസ്
ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?
പാക് കടലിടുക്ക്
സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ സ്ഥലം ഏതാണ് ?
പസഫിക് സമുദ്രത്തിലെ ചലഞ്ചർ ഡീപ്പ്
സമുദ്രങ്ങൾ ഏത് മഹാസമുദ്രത്തിൽ നിന്നാണ് ഉടലെടുത്തത്?
പന്തലസ്സ
ഏറ്റവും ബുദ്ധിയുള്ള സമുദ്രജീവികൾ ഏതാണ്?
ഡോൾഫിൻ
ഏറ്റവും തണുപ്പ് കൂടുതലുള്ള സമുദ്രം ഏത്?
ആർട്ടിക് സമുദ്രം
അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴം?
8486 മീ
ലോകത്തിലെ ഏറ്റവും ആഴം കൂടിയ രണ്ടാമത്തെ സമുദ്രം?
അറ്റ്ലാന്റിക് സമുദ്രം
ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ദ്വീപായ ഗ്രീൻലാൻഡ് സ്ഥിതി ചെയ്യുന്ന സമുദ്രം?
ഉത്തര അറ്റ്ലാന്റിക് സമുദ്രം
കരയിലെ ഏറ്റവും താഴ്ന്ന ഭാഗം?
ചാവുകടൽ (സമുദ്രനിരപ്പിൽനിന്ന് 420 മീറ്റർ താഴെ )

Comments
Post a Comment